2014, ഡിസംബർ 15, തിങ്കളാഴ്‌ച

നാൾ

'ഒരുനാളിലെൻ സ്നേഹമൊന്നിച്ചു കൂടി
ഉരുളായി ഹൃദയം തുറന്നു പോരുമ്പോൾ
ഒഴുകുമെൻ മോഹമാം നീർച്ചാലിനുള്ളിൽ    
ഉരുകിടും പാറയാം  നിന്നന്തരാളം '

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പ്രണയത്തിന്റെ ഒരു ദിവസം.

     പ്രഭാതങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ എന്നെ ഹരിതാഭമായ വയലേലകളിലെയ്ക്ക് നയിചു. ഹേമന്തം വാരിവിതറിയ മഞ്ഞുകണങ്ങള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഞാന്‍ നിന്നെ ദര്‍ശിച്ചു .ഉരുകുന്ന സുര്യനെ തന്നിലോളിപ്പിച്ച നീര്‍കണങ്ങളില്‍ ഞാന്‍ കണ്ടത് നിന്റെ മനോഹരമായ മുഖമായിരുന്നു .   

      എന്നാല്‍ മധ്യ സുര്യന്നു മുന്‍പില്‍ അലിഞ്ഞില്ലാതായ നീര്‍കണങ്ങള്‍    നിന്നെ അദൃശ്യയാക്കി .മുളം കാടുകളില്‍ നിന്നുയര്‍ന്ന മൃദുസംഗീതം നിന്റെ  നിസ്വസമെന്നു ഞാന്‍ കരുതി .സുര്യന്റെ താപം എന്റെ വിരഹം ഇരട്ടിയാക്കി . സുര്യന്‍സമുദ്രത്തില്‍ ഒളിച്ചപ്പോള്‍   കൂടണയാന്‍ പറന്നടുക്കുന്ന കുരുവികളില്‍ ഒരാള്‍ നീ ആണെന്ന് ഞാന്‍ കരുതി  എന്നാല്‍ നീ എന്നെ തേടിയെത്തിയില്ല 

     ഇരുണ്ട ആകാശത്തില്‍  തിളങ്ങി നിന്ന താരാഗണങ്ങള്‍ നിന്റെ കണ്ണുകള്‍ എന്ന് ഞാന്‍ കരുതി.നിശാഗന്ധികള്‍ പൂത്തപ്പോള്‍ ഞാന്‍ നിന്റെ ഗന്ധമനുഭവിച്ചു. ഉറക്കമില്ലാത്ത രാത്രിയില്‍ നീ നല്‍കുന്ന ഓര്‍മയുടെ വേദന എന്തെന്ന് ഞാന്‍ അറിഞ്ഞു . 

          വീണ്ടും,വീണ്ടും കിഴക്കേ ചക്രവാളത്തില്‍ ഉദയം , ഒരു ദിവസം -  ജനിക്കുകയായിരുന്നു . പ്രണയത്തിന്റെ, പ്രതീക്ഷയുടെ ഒരു ദിവസം

മഴ


ഒരു ചെറുബാഷ്പമായി എന്റെ ചുണ്ടിലേക്ക്‌ നീ
അടര്‍ന്നു വീണപ്പോള്‍ ഞാനാദ്യം  അമ്പരന്നു .
പിന്നെ എന്റെ ചുണ്ടുകളില്‍ നിന്നും 
ആ കുളിര്‍മ ശരീരമാകമാനം നിറഞ്ഞു .
നിന്നെ കാണാന്‍ ഞാന്‍ ശിരസുയര്‍ത്തി 
പക്ഷെ,ജലകണങ്ങളാല്‍  നീ എന്നെ അന്ധനാക്കി 
ആ അന്ധതയില്‍ ഞാന്‍ നിന്നെ കണ്ടു 
നിന്റെ നഗ്നശരീരം എന്നെ പുളകമണിയിച്ചു
നീ തണുപ്പിച്ച എന്റെ ചുണ്ടുകള്‍ .........
അവയില്‍ നിന്നും രക്തം വാര്‍ന്നു പോയിരുന്നു 

&&&&&&&&&&&&&&&&&&&&&&&&

പിന്നീട് തിരക്കേറിയ തെരുവീധികളിലും
 പച്ചപ്പ്‌ നിറഞ്ഞ മൈതാനങളില്‍ വച്ചും 
ആര്‍ദ്രത നിറഞ്ഞ താഴ്വാരങ്ങളില്‍ വച്ചും
 ഞാന്‍ നിന്നെ കണ്ടു മുട്ടി ...........
ചിലപ്പോള്‍ കുന്നിന്‍ പുറങ്ങളിലും ....
.കൊച്ചു കൊച്ചരുവികള്‍ക്കരികിലും
 നമ്മള്‍ എല്ലാം മറന്നു ഒന്നായി മാറി .
ചക്രവാളം ഇരുളുകയും വീണ്ടും വീണ്ടും 
പ്രകാശമായി ഉണരുകയും ചെയ്തു .
നിന്നില്‍നിന്നോടിയോളിക്കാന്‍ ഞാന്‍ ശ്രമിച്ചു
എങ്കിലും കണ്ണുനീര്‍ തുള്ളികളുമായി   
എന്നെ നീ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
 ............................................................
...........................................

ശിവന്‍,

ശിവന്‍,നീ എന്റെ സുഹൃത്തോ, ?
നാഴികകല്‍ക്കപ്പുറംഇരുന്നുകൊണ്ട് 
ദുഃഖിതനായ നിന്റെ മുഖം ഞാന്‍ 
മനസിന്റെ പാളികളില്‍ വരയ്ക്കുന്നു

പ്രണയത്തിനു ജീവിതത്തെക്കാള്‍ ആഴവും
വിലയും കല്പിച്ച എന്റെ കൂട്ടുകാരാ
സ്വന്തം പ്രണയ പരാജയത്തില്‍ 
ഒരു നുള്ള് വിഷത്തിനാല്‍ ജീവിതം
ഹോമിക്കാന്‍ ഒരുങ്ങിയ സുഹൃത്തേ,
ഒടുവില്‍  ഒരുനാള്‍ ചുട്ടുപൊള്ളിക്കുന്ന
  ജീവിത  സത്യങ്ങളിലെയ്ക്ക്  നീ 
യാത്രയായത് ഞാന്‍ അറിഞ്ഞിരുന്നില്ല 
ആധുനികതയിലെ രമണനായി ജീവിതം
പ്രണയത്തിനു വേണ്ടി ഹോമിച്ച    
   എന്റെ പ്രിയ  സുഹൃത്തേ,
അടുത്ത ഒരു ജന്മമെങ്കിലും 
ഞാനായി ജനിക്കുവാന്‍ നീ ആഗ്രഹിചിരുന്നുവല്ലോ, നിനക്കായി 
ഇടറുന്ന ചുണ്ടുകളോടെ, .......
ഒരു വാക്കുമാത്രം.-  

 ...................................മാപ്പ്.

2014, ജൂലൈ 31, വ്യാഴാഴ്‌ച

നാദം

നിലാവിന്റെ   വെണ്മയ്ക്കും
ഇരുളിന്റെ അനന്തതക്കുമപ്പുറം
ഇലകളെല്ലാം കൊഴിഞ്ഞ്
ആകെയും ദ്രെവിച്ചു -
ചിതൽ തിന്നു തീർത്ത
ശിഖരങ്ങൾക്കിടയിൽ നിന്ന്
ഒരു ചെറിയ ചീവീട്
നിശബ്തതയെ പിളർന്നപ്പോൾ
ഇരുമ്പിന്റെ തൂണുകളിൽ
ബന്ധിക്കപ്പെട്ടുറക്കമില്ലാതെ
ചങ്ങലയാലുരഞ്ഞ മുറിവുകൾ
പൊത്തിപ്പിടിച്ചുറക്കെയുറക്കെ
പൊട്ടിച്ചിരിച്ച ഭ്രാന്തൻ, നിശാ-
പുഷ്പങ്ങളോട് പറഞ്ഞു -
"പ്രതീക്ഷയുടെ നാദം "

2014, ജൂലൈ 25, വെള്ളിയാഴ്‌ച

തീവണ്ടി

എന്റെ ഞരമ്പുകളില്‍
കിതക്കുന്ന
ഒരു തീവണ്ടി ഉണ്ട്
കൊള്ളിയൊഴിഞ്ഞ
തീപ്പെട്ടികൂടുപോലെ
വിജനമാണ്
അതിലെ മുറികള്‍
ഒടുവിലത്തെ
യാത്രക്കാരനും
ഇറങ്ങിക്കഴിഞ്ഞു
എങ്കിലും എന്റെ
ഞരമ്പുകളില്‍
അതിന്നും
യാത്ര ചെയ്യുന്നു
അതിപ്പോള്‍
തുപ്പുന്നത്
കറുത്ത പുകയാണ് .
സൂക്ഷിക്കുക
എന്റെ ഞരമ്പുകളില്‍
കിതക്കുന്ന
ഒരു തീവണ്ടി ഉണ്ട്

ഒരു കടലാസുതോണി പോലെ .......


കോരിച്ചൊരിയുന്ന മഴയില്‍നിന്നും രക്ഷ നേടാനാണ് ഞാനാ വിദ്യാലയത്തിലേക്ക്‌ ഓടി കയറിയത് . നീണ്ടു കിടക്കുന്ന സ്കൂള്‍ വരാന്തകള്‍ വിജനമായിരുന്നു .വീശിയടിക്കുന്ന കാറ്റിന്റെ കൂട്ട് പിടിച്ചു മഴതുള്ളികള്‍ വിജനമായ ക്ലാസ്സ്‌ മുറികളെയും എത്തിപിടിക്കുവാന്‍ ശ്രമിക്കുന്നു .
സ്കൂള്‍ മൈതാനിയില്‍ മഴവെള്ളം നിറഞ്ഞിരുന്നു .ഓടുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം ഭൂമിയില്‍ അനേകം കൈത്തോടുകള്‍ നിര്‍മിച്ചു .എന്റെ ഓര്‍മ്മകള്‍ ആ നീര്‍കുതുപ്പില്‍ ഒരായിരം കടലാസുതോണികളായി നിറയുന്നതായി എനിക്ക് തോന്നി .ഓടിലൂടെ വീഴുന്നമഴവെള്ളം ഞാന്‍ തട്ടി തെറിപ്പിച്ചു .
ഒരു വെള്ളരി പ്രാവിന്റെ ചിറകടി ശബ്ദം എന്റെ ചിന്തകളെ മുറിച്ചു .തൂണുകളില്‍ അവ കൂടോരുക്കുകയാണ് .കാറ്റില്‍ ഒരു ഇളംതൂവല്‍ എന്റെ തോളില്‍ പറന്നിരുന്നു. ഞാന്‍ ശബ്ദമുയര്‍ത്തി ആ പ്രവിനോട് ചോദിച്ചു - "നീ എന്നെ അറിയുമോ ? " പ്രാവ് മുഖമുയര്‍ത്തി . എന്നിട്ട് മറ്റൊരു ക്ലാസ്സ്‌ മുറിയിലേക്ക് പറന്നു പോയി .
ഞാന്‍ എന്റെ പഴയ എട്ടാം ക്ലാസ്സിലേക്ക് കയറി .ഇരിപ്പിടങ്ങളില്‍ വിശ്രമിച്ചിരുന്ന കൊച്ചു ജലബാഷ്പങ്ങളെ കൈ കൊണ്ട് തൂത്തുമാറ്റി . അവിടെ എന്റെ കൌമാരത്തിന്റെ ഓര്‍മ്മകള്‍തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി .
എപ്പോളോ കറുത്തബോര്‍ഡില്‍ അക്ഷരങ്ങളായി ജ്വലിച്ച ചോക്കുപൊടികള്‍ തിണ്ണയില്‍ പറന്നു കിടന്നിരുന്നു .അതില്‍ ജലബാഷ്പങ്ങള്‍ കലര്‍ന്നുയര്‍ന്ന ഗന്ധം എന്നെ മത്തുപിടിപ്പിച്ചു കുട്ടികളില്‍ ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ പേനയും കയ്യിലെടുത്തു ഞാന്‍ എന്റെ പഴയ സീറ്റില്‍ ഇരുന്നു .എന്റെ ഓര്‍മ്മകള്‍ ഒരു വെള്ളരിപ്രവിന്റെ ചിറകുകള്‍ കടമെടുത്തു പിന്നിലേയ്ക് പറക്കുകയായിരുന്നു
@@@@@@@@@@@@@@@@@@
ഘോരഘോരം പെയ്യുന്ന മഴയില്‍ പറന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പുസ്തകങ്ങള്‍ നനക്കുമെന്നതിനാല്‍ ടീച്ചര്‍ ക്ലാസ്സ്‌ അവസാനിപ്പിച്ചു .ഞങ്ങള്‍ കുട്ടികള്‍ പുസ്തകങ്ങള്‍ അടച്ചു വച്ച് സംസാരിക്കുവാന്‍ ആരംഭിച്ചു . കാറ്റില്‍ ചെമ്പകപൂവിന്റെ സുഗന്ധം പരന്നപ്പോള്‍ ഞാന്‍ ചുറ്റും നോക്കി .അതെ, അതവളുടെ മുടിയിഴകളില്‍ നിന്നുമാണ് . വിടര്‍ന്ന കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടുകളും നുണക്കുഴികളുമുള്ള എന്റെ പുതിയ കൂട്ടുകാരി .അവളെന്റെ സ്കൂളില്‍ ചേര്‍ന്നിട്ട് കുറച്ചു നാളുകളെ ആയിരുന്നുള്ളൂ.
"എന്താ ഹരീ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ ?" ടീച്ചറിന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഒരു ചെറിയ ചിരി മിന്നി .ഞാന്‍ പറഞ്ഞു,"ചെമ്പകത്തിന്റെ-" പറഞ്ഞു തീരുന്നതിനു മുന്‍പ് മണി മുഴങ്ങി . ടീച്ചര്‍ പുറത്തേയ്ക്ക് പോയി .
ഇന്റെര്‍വെല്‍ ആണ് . ഞാന്‍ പുറത്തേയ്ക്കിറങ്ങി . മഴ മാറിയിരിക്കുന്നു. നനഞ്ഞ മാവിലകളില്‍ നിന്നും മഴത്തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു . താഴെ മണ്ണിലോഴുകുന്ന വെള്ളത്തില്‍ കടലാസുതോണികളും യാത്ര ചെയ്യുന്നുണ്ടായിരുന്നു .
"ഹരീ "
ഞാന്‍ തിരിഞ്ഞു നോക്കി .എന്റെ പുതിയ കൂട്ടുകാരിയാണ്‌ .തലയില്‍ ചൂടിയ പൂവുകളില്‍ ഒന്നവളുടെ കയ്യില്‍ വിശ്രമിച്ചിരുന്നു ." ഇതാ " എന്റെ കയ്യിലേക്കാ പൂവ് സമ്മാനിച്ച്‌ അവള്‍ ക്ലാസ്സിലേക്കോടികയറി . എനിക്കത് വിശ്വസിക്കാനായില്ല ഞാനാപൂവിലേക്ക് നോക്കി. അതില്‍ അവളുടെ ഒരു മുടിയിഴ തടഞ്ഞു നിന്നിരുന്നു.
"എന്താ ക്ലാസ്സില്‍ കയറുന്നില്ലേ ?" ഒരു ഘനഗംഭീര സ്വരം കേട്ട് ഞാന്‍ തലയുയാര്‍ത്തി. ഹെഡ് മാസ്റ്റര്‍ ആണ് അദേഹത്തിന്റെ ചുവന്ന കണ്ണുകളാണ് ഞാന്‍ ആദ്യം കണ്ടത് .വിറച്ചുകൊണ്ട് വീണ്ടും നോക്കിയപ്പോള്‍ അദേഹത്തിന്റെ കയ്യില്‍ വിശ്രമിക്കുന്ന മഞ്ഞ നിറമുള്ള തടിച്ച ചൂരലും ഞാന്‍ കണ്ടു .
വരാന്ത വിജനമാണ് . ക്ലാസിനുവെളിയില്‍ ഇപ്പോള്‍ ഞാനും അദേഹവും മാത്രമേഉള്ളൂ . എന്റെ കൂട്ടുകാര്‍ ക്ലാസ്സിലിരുന്നു ഭീതിയോടെ അദേഹത്തെ നോക്കുകയാണ്. "ഇന്റെര്‍വെല്‍ കഴിഞ്ഞാല്‍ ക്ലാസ്സില്‍ കയറണമെന്നറിയില്ലേ ?" ഞാന്‍ വിറച്ചുകൊണ്ട് പറഞ്ഞു - "അറിയാം " .
"എങ്കില്‍ ചെല്ല് " ഞാന്‍ ക്ലാസിലേക്ക് നടന്നു. "നില്ക് ഇങ്ങോട്ട് വാടാ " ഞാന്‍ തിരിച്ചു നടന്നു ."എന്താ നിന്റെ കയ്യില്‍ ? " അപ്പോളാണ് എന്റെ കയ്യിലിരിക്കുന്ന ചെമ്പകപൂവിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത് .ഞാന്‍ അത് അദേഹത്തിന്റെ നേരെ നീട്ടി. "കളയൂ " ഞാന്‍ അനങ്ങിയില്ല . "കളയാന്‍......." അദ്ദേഹം വടിയുയര്‍ത്തി .
മഴവെള്ളത്തില്‍ കടലാസുതോണികള്‍ക്കൊപ്പം എന്റെ സ്വപ്നപുഷ്പവും ഒഴുകിഅകലുന്നതു തിരിഞ്ഞു നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ ക്ലാസ്സിലേക്കോടി .............

എന്റെ സ്വപ്നങ്ങളോട്‌.


നഷ്ടസ്വപ്നങ്ങളെ
നിങ്ങളെനിക്കൊരു
മോഹനയാനം
പണിഞ്ഞുനല്‍കൂ...
ആ മോഹവഞ്ചിയില്‍
ഈ ജീവസാഗരം
നീന്തിക്കടക്കുവാന്‍
ശക്തി നല്‍കൂ.......
ഈ മൂകയാത്രയില്‍
ആ കുളിര്‍കാറ്റിനെ
കൂട്ടിനായിന്നു നീ
വിട്ടയയ്ക്കൂ......
ഈയിരുള്‍ രാത്രിയില്‍
എന്‍ വഴികാട്ടുവാന്‍
ചന്ദ്രബിംബത്തിനെ
വിട്ടയയ്ക്കൂ ...
ഓര്‍മയാം സംഗീത-
മാലപിചീടുവാന്‍
ഓളങ്ങളെയും
പറഞ്ഞയക്കൂ......
(തുടരും)

ഡിസംബര്‍ (12)


ഡിസംബര്‍ , പുല്‍നാമ്പുകളില്‍ തങ്ങി നിന്ന് പ്രത്യാശയുടെ കാഹളം പോലെ ഭൂമിയിലേയ്ക്ക് പൊഴിയുന്ന തുഷാര ബിന്ദുവിനാല്‍ സമ്പുഷ്ടമായ ഡിസംബര്‍. എല്ലുവിറക്കുന്ന തണുപ്പില്‍ വിരഹത്തിന്റെ തീവ്രമായ വേദന നിറക്കുന്ന ഒരു സംവത്സരത്തിന്റെ അന്ത്യം.
ഡിസംബറുകള്‍ എന്നുമെനിക്ക് ഒരു പോലെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു ഡിസംബറുകളിലാണ് ഭൂമിയെ ഞാന്‍ കൂടുതല്‍ ആഴത്തിലറിഞ്ഞതും പ്രണയിച്ചതും. മാഞ്ഞുതുള്ളികള്‍ അലങ്കരിച്ച ദാലിയാ പുഷ്പങ്ങള്‍ എനിക്ക് ഭൂമിയുടെ ഗന്ധം സാധ്യമാക്കിയിരുന്നു. ആ ഗന്ധം ഇന്നുമെന്റെ ലഹരിയാണ്.
ഇലകളില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുതുളികള്‍ ഒരു ശ്വാനന്റെ വൈഭവത്തോടെ അനുഭവിച്ച കുട്ടിക്കാലം,അതും ഡിസംബര്‍ പോലെ. കരികിലക്കൂട്ടത്തിന്റെ ചിത നല്കുന്ന ചൂട് മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങുമ്പോള്‍ വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ പ്രത്യാശയുടെ കിരണം പരത്തിക്കൊണ്ട്‌ സൂര്യന്‍ എത്തിനോക്കുന്നു. 'ഇതാ ഞാന്‍ വന്നു, നിനക്കായ് -നിന്നിലെയ്ക്ക്.
ഏകയായി നില്‍ക്കുന്ന പൌര്‍ണമി ഡിസംബറില്‍ നമുക്കായി നഷ്ടസ്വപ്നങ്ങളുടെ മുഖപടം തീര്‍ക്കുന്നു. മിന്നാമിനുങ്ങുകള്‍ പാലമരങ്ങളില്‍ നന്മയെ സ്വാഗതം ചെയ്യാനെന്നപോലെ ക്രിസ്മസ് ട്രീ ഒരുക്കുന്നു. പാലപൂവുകള്‍ നല്‍കുന്ന സുഗന്ധം ആത്മസ്പര്‍ശവും.ആസ്വദിക്കാനായി ഒരുങ്ങുന്ന നാളെയുടെ സുഗന്ധം.
ചക്രവാള സീമയില്‍ എവിടെയോ നിന്ന് നന്മയുടെ പുതുനക്ഷത്രം മനുഷ്യമനസ്സില്‍ ഉദയം കൊള്ളാന്‍ വെമ്പുന്നു. ഇനിയുമത് അനന്തമായി നിലകൊള്ളുമോ?
ശാന്തമായ അന്തരീക്ഷത്തില്‍ സന്ധ്യ മനോഹാരിത വിതറിയത് മനസ്സുകള്‍ക്കായിട്ടായിരിക്കാം, പകയും വിദ്വെഷവുമില്ലാതെ മരണത്തിലും സ്നേഹം കണ്ടെത്തുന്ന മനസ്സുകള്‍ക്കായി.
ഡിസംബര്‍,അത് അവര്‍ണനീയമാണ് മഞ്ഞണിഞ്ഞ പാശ്ചാത്യ ഗ്രാമങ്ങളില്‍ മഞ്ഞുകട്ടകള്‍ തട്ടിത്തെറിപ്പിച്ചു മുന്നേറുന്ന ബാല്യം പോലെ, ഡിസംബര്‍ വീണ്ടും വരവായി. ശാന്തസുന്ദരമായ അതിന്റെ എല്ലാ നന്മകളുമായി.

'തെറ്റ് '

മലമുകളിൽ എത്തിയപ്പോൾ കർമനാഥൻ ചുറ്റും നോക്കി.യന്ത്രവാളുകൾ അവശേഷിപ്പിച്ചു പോയ മരക്കുറ്റികളും തലയ്ക്കു മുകളിൽ ചിറകടിക്കുന്ന കഴുകനും,ചുട്ടു പൊള്ളിക്കുന്ന സൂര്യനും മാത്രമേ അവിടെ ശേഷിച്ചിരുന്നുള്ളൂ. അയാൾ പൊട്ടിച്ചിരിച്ചു.മലനിരകൾ കടന്ന് സമതലങ്ങളും വരണ്ടുണങ്ങിയ നദികളും കടന്ന് ആ ശബ്ദം മുഴങ്ങികേട്ടു .
ദൂരെയെവിടെയോ തളർന്നുറങ്ങിയിരുന്ന വേഴാമ്പലുകൾ അതുകേട്ടു കാർമേഘങ്ങളുടെ ഇടിമുഴക്കമെന്നോർത്തു ചിറകടിച്ചു.വേഴാമ്പലുകളുടെ വിഡ്ഢിത്തമോർത്ത് അപ്പോൾ സൂര്യനും ആർത്തു ചിരിച്ചു. ആ ചിരിയിൽ സൂര്യ കിരണങ്ങൾക്ക് ചൂടേറി. അവശേഷിച്ച പുൽനാമ്പുകളിൽ അതു കാട്ടുതീയായി പടർന്നു.
മരുഭൂമിയിൽ നിന്നും വിരുന്നെത്തിയ കാറ്റ് തീജ്വാലകളെ മലമുകളിലെത്തിച്ചു . ആ കാട്ടുതീ കർമനാഥന്റെ കാലുകളിൽ ചുറ്റിപിടിച്ച് ജനനേന്ദ്രിയത്തിൽ പടർന്ന് ശിരസ്സിൽ ചുംബിക്കാനൊരുങ്ങിയപ്പോൾ മുകളിൽ ചിറകടിച്ചു പറന്ന കഴുകൻ പരിഹസിച്ചു. 'നിന്റെ തെറ്റ് '.

ബാക്കി

വർണനകൾ വറ്റിയോരെൻ കൈകൾ രണ്ടിലും
മരവിപ്പു മാത്രമായ്‌ ബാക്കി
കാഴ്ച നശിച്ചോരെൻ കണ്ണുകൾക്കുള്ളിലായ്
ഇന്നു രണ്ടുണ്ടകൾ ബാക്കി
രുചിയറിയാത്തൊരെൻ വായിൽ,രസനയിൽ
തെറിവാക്കു മാത്രമായ് ബാക്കി
ഓർമ നശിച്ചോരെൻ തലയോടിനുള്ളിലായ്
ചെവിയെന്ന ദ്വാരമേ ബാക്കി
നിറം മങ്ങിയോരെന്റെ കുപ്പായക്കീശയിൽ
മൂന്നുനാലോട്ടകൾ ബാക്കി
ചലനം മറന്നയെൻ കാലുകൾക്കായിന്നു
പത്തു വിരലുകൾ ബാക്കി
ചിന്തകൾ വറ്റിയോരെൻ മനസ്സിന്നുള്ളി-
ലാത്മാവു മാത്രമായ് ബാക്കി
എല്ലു തെളിഞ്ഞോരെൻ ദേഹത്തിനുള്ളിലോ
ജീവിതം മാത്രമായ് ബാക്കി.

നിണം

ഒരിക്കൽ കര്‍മനാഥന്‍ ഒരു ചെള്ളായി മാറി ഒരു കഴുകന്റെ ശരീരത്തിൽ പറ്റിചേർന്നു. ആ കഴുകൻ ആദ്യം പറന്നെത്തിയത്‌ ഒരു രണ ഭൂമിയിലായിരുന്നു.അവിടെ വിജയിച്ചവന്റെയും പരാജയപ്പെട്ടവന്റെയും കാലാളുകൾ മൃതമായി കിടന്നിരുന്നു കഴുകൻ ആദ്യം വിജയിച്ചവന്റെയും പിന്നീട് പരാജയപ്പെട്ടവന്റെയും ശരീരങ്ങൾ ഭക്ഷിച്ചു .അന്നത്തെ രാത്രിയിൽ കര്‍മനാഥന്‍ ഉറുഞ്ചിക്കുടിച്ച രക്തത്തിന് മദ്യത്തിനേക്കാൾ വീര്യമുണ്ടായിരുന്നു.
പിറ്റേന്ന് കഴുകന്മാർ പറന്നെത്തിയത്‌ ഒരു മരുഭൂമിയിലായിരുന്നു.അവിടെ കുറുക്കന്മാർ കടിച്ചു വലിക്കുന്ന ഏതോ ഒരു ജീവിയുടെ മൃതാവശിഷ്ടങ്ങൾക്കിടയിൽ കഴുകൻ പറന്നിറങ്ങിയപ്പോൾ കര്‍മനാഥന്‍ കുറുക്കന്റെ ശരീരത്തിലേക്ക് ചേക്കേറി.അന്നത്തെ നിലാവിൽ കുറുക്കന്മാർ കൂട്ടമായ്‌ ഓരിയിട്ടപ്പോൾ ചുടുരക്തം കുടിച്ച് കര്‍മനാഥന്‍ സുഖമായുറങ്ങി.
അടുത്ത പ്രഭാതത്തിൽ കുറുക്കന്മാർ ചെന്നെത്തിയത് ഒരു പുൽ മൈതാനത്തിലായിരുന്നു.അവിടെ മേഞ്ഞു നടന്നിരുന്ന ഒരു പശുവിന്റെ ദേഹത്തിലേക്ക് കര്‍മനാഥന്‍ പറ്റിചേർന്നു.അന്നത്തെ രാത്രിയിൽ വിശന്നു കരയുന്ന കിടാവിനെ ശ്രദ്ധിക്കാതെ കര്‍മനാഥന്‍ നിണമുണ്ടുറങ്ങി.
സൂര്യനുദിച്ചപ്പോൾ പശുക്കൾക്കൊപ്പം നടക്കുന്ന ഒരു നായയെ കര്‍മനാഥന്‍ കണ്ടു.അന്നുച്ചയ്ക്ക് കര്‍മനാഥന്‍ ആ നായയുടെ ദേഹത്തുതാമസിക്കുവാൻ തുടങ്ങി. രാത്രിയിൽ യജമാനന്റെ കട്ടിലിൻകീഴെ സുഖമായുറങ്ങുന്ന കാവൽനായയുടെ ദേഹത്തെ രോമാരാജികൾക്കിടയിൽ കര്‍മനാഥനുമുറങ്ങി.
പിറ്റേന്നത്തെ സായാഹ്നത്തിൽ വളർത്തുനായയിൽ നിന്നും യജമാനനിലേക്ക് കര്‍മനാഥന്‍ ചേക്കേറി.അന്നു രാത്രിയിൽ കാലൻകോഴികൾ കൂവുന്നതിനും മുൻപേ കര്‍മനാഥന്‍ മരിച്ചു.
03-08-2013
11.15 p.m.

പനിനീര്‍ തുള്ളികള്‍.....

ഹൃദയത്തില്‍
സ്നേഹത്തിന്‍റെ
പുഷ്പങ്ങള്‍
തിരഞ്ഞപ്പോള്‍
വിരലില്‍ തറച്ച
മുള്ളുകളാല്‍
വാര്‍ന്നതണുത്ത
രക്തം.........
അതായിരിക്കാം
യഥാര്‍ത്ഥ
സ്നേഹത്തിന്‍റെ
പനിനീര്‍ തുള്ളികള്‍.....

എന്റെ മരണത്തോട്

വരികയായ് ഞാനെന്റെ
മരണമേ ഇന്നു നിൻ
കൈകളിൽ ചുംബിച്ചു-
റങ്ങീടുവാൻ....
വരികയായ് ഞാനെന്റെ
ഹൃദയമേ നിൻ സ്നേഹ
മന്ത്രാക്ഷരങ്ങൾക്ക്
നാദമാവാൻ
ഒടുവിലെൻ ഹൃദയത്തി
നുന്മാദമൊക്കെയും
സിരകളിൽ നിന്നിതാ
വാർന്നിടുന്നൂ
ഒടുവിലെൻ നീലിച്ച
കണ്‍കളിൽ നിന്നിതാ
ആനന്ദ ബാഷ്പം
പൊടിഞ്ഞിടുന്നൂ..
വരികയായ് ഞാനെന്റെ
മരണമേ ഇന്നു നിൻ
കൈകളിൽ ചുംബിച്ചു-
റങ്ങീടുവാൻ ..
പറയുന്നു മംഗളം
ഹാ എൻ കിളികളേ
പുഴകളെ...
കൌമാര സ്വപ്നങ്ങളെ..
വിട ചൊല്ലുന്നു ഞാനെ
ന്റെ ഗ്രാമമേ എൻ
നഷ്ട സ്വപ്‌നങ്ങൾ തൻ
മുഗ്ധകൂടാരമേ..
വിരിയുന്ന പൂക്കളെ..
പൂക്കളിൽ ചുംബിച്ച്
പാറിപറക്കുന്ന
ശലഭങ്ങളെ..
പറയുന്നു മംഗളം
ഹാ എൻ കിളികളേ
പുഴകളെ...
കൌമാര സ്വപ്നങ്ങളെ..
വരികയായ് നിൻസ്നേഹ
ജാലകം തെല്ലു നീ
മെല്ലെ തുറക്കയെൻ
മരണമേ നീ..
വരികയായ് ഞാനെന്റെ
മരണമേ ഇന്നു നിൻ
കൈകളിൽ ചുംബിച്ചു-
റങ്ങീടുവാൻ.

പ്രവാസം

ഇരുപത്തിനാല് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അയാൾ നാട്ടിലേക്കു മടങ്ങുകയായിരുന്നു.ഇക്കാലമത്രയും ഒരു കാരാഗ്രഹത്തിന്റെ അലോസരപ്പെടുത്തുന്ന നിമിഷങ്ങൾ തനിക്കു സമ്മാനിച്ച മണൽകാടുകളിലും ഈന്തപ്പനകളിലും നോക്കി കാറിനുള്ളിലിരിക്കവേ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ വഴിയോരക്കാഴ്ചകൾക്ക് ജീവിതത്തിലിന്നോളം താൻ ദർശിച്ചിട്ടില്ലാത്ത എന്തോ ഒരു സൗന്ദര്യമുള്ളതായി അയ്യാൾക്കുതോന്നി. ഒരു കൊച്ചുകുട്ടിയെ പോലെ ജീവിതത്തിലാദ്യമായ്‌ അയ്യാൾ ആ കാഴ്ചകളിൽ കണ്ണുനട്ടിരുന്നു.
വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ റോഡിനിരുവശവുമുള്ള കാഴ്ചകൾ അയ്യാളെ സ്വാഗതം ചെയ്തു.ഗ്രാമത്തിലേക്കുള്ള വളവു തിരിഞ്ഞപ്പോൾ അയ്യാൾ കണാരേട്ടന്റെ കടയിലേക്ക് നോക്കി. ആ കടയും, പട്ടാളത്തിലെ ബഡായി കഥകൾ പറയാൻ പട്ടാളം പരമുവേട്ടൻ വന്നിരിക്കാറുള്ള ബെഞ്ചും അവിടെത്തന്നെ ഉണ്ടായിരുന്നു.എന്നാൽ കടയ്ക്കുള്ളിൽ കണാരേട്ടന്റെ മകനായിരുന്നു.ബെഞ്ചിൽ പരമുവേട്ടന് പകരം തന്റെ മകന്റെ പ്രായമുള്ള കുറെ യുവാക്കളും.
മകനും ഭാര്യയും അയ്യാളെ പ്രതീക്ഷിച്ച് വെളിയിൽതന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ടാക്സിക്കാരനെ പറഞ്ഞയച്ച് വീടിനുള്ളിലേക്ക് കയറുമ്പോൾ ഭാര്യയെ ചേർത്തു നിരത്തി ആ മൂർദ്ധാവിൽ ചുംബിക്കുവാൻ അയ്യാൾ ആഗ്രഹിച്ചു. ആഗ്രഹം കടിച്ചമർത്തി അയ്യാൾ തിരിഞ്ഞു നോക്കി.ലഗേജുകളും കയ്യിൽപിടിച്ചു മകൻ പുറകിൽ തന്നെയുണ്ട്.അവൻ വളർന്നിരിക്കുന്നു. ചെറുപ്പത്തിലെ തന്റെ അതേ മുഖം.അയാളോർത്തു.
രാത്രിയിൽ പ്രിയതമയുടെ തലമുടിയിഴകളിൽ തലോടിക്കൊണ്ട് കിടന്നപ്പോൾ അയ്യാളെ നോക്കി പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു- 'നര കയറി തുടങ്ങി'.
നാളുകൾക്കു ശേഷം അയൽക്കാരുടെയും ബന്ധുക്കളുടെയും സന്ദർശനത്തിന്റെ തിരക്കുകൾ ഒഴിഞ്ഞ ഒരു പ്രഭാതത്തിൽ പൂമുഘത്തെ ചാരുകസാരയിൽ അയ്യാൾ വെറുതെ ഇരിക്കുകയായിരുന്നു.അയ്യാളുടെ മകൻ രാവിലെതന്നെ ബൈക്കും എടുത്തുകൊണ്ട് എവിടേക്കോ പോയിരുന്നു. വീട്ടുജോലികൾ എല്ലാം തീർത്ത് ഭാര്യ ടി.വി ക്ക് മുൻപിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തിരുന്നു.
വെളിയിൽ ചലനമില്ലാതെ നില്ക്കുന്ന തെങ്ങുകളിലേക്ക് നോക്കിയിരുന്നപ്പോൾ മണല്ക്കാടുകളിലെ ഈന്തപ്പനകൾപോലെ അയ്യാൾക്കു തോന്നി.
അയ്യാൾ പുറത്തിറങ്ങി പതിയെ കണാരേട്ടന്റെ കടയിലേക്ക് നടന്നു.അവിടെ പട്ടാളം പരമുവേട്ടൻ വന്നിരുന്നു കഥകൾ പറയാറുള്ള ബെഞ്ച്‌ അയ്യാളെ കാത്തിരിക്കുന്നുണ്ടായിരുന്നു .
14-08-2013
09.24.പി.എം.

കർമം

ഒന്നാം നാൾ കര്‍മനാഥന്‍ നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ തീരുമാനിക്കുകയും അതിനായി നൂതന രീതിയിലുള്ള ദൂരമാപിനികളും മറ്റു യന്ത്രങ്ങളും കരസ്ഥമാക്കുകയും ചെയ്തു.
രണ്ടാം നാൾ പകൽ അയാൾ ക്ഷീണത്താൽ കിടന്നുറങ്ങുകയും ഉച്ചത്തിൽ കൂർക്കം വലിക്കുകയും ചെയ്തു.എന്നാൽ രാത്രിയിൽ ഉറക്കമുണർന്ന അയാൾ യന്ത്രങ്ങൾ തയ്യാറാക്കി വച്ച് ആകാശം നിരീക്ഷിച്ചു എങ്കിലും കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴ പെയ്തതിനാൽ നക്ഷത്രങ്ങൾ ദൃശ്യമായില്ല
മൂന്നാം നാൾ രാവടുത്തപ്പോൾ അയാൾ ഭുമിയിൽ മലർന്നു കിടക്കുകയും നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ തുടങ്ങുകയും ചെയ്തു.എന്നാൽ എണ്ണം പാതിയെത്തുന്നതിനുമുൻപേ സൂര്യനുദിക്കുകയും മറ്റു നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു.
നാലാം നാൾ ആകാശത്തു ചന്ദ്രൻ പ്രത്യക്ഷപെടുകയും കുറെ നക്ഷത്രങ്ങൾ അദൃശ്യമാകുകയും ചെയ്തു. പരിഭ്രാന്തനായ കര്‍മനാഥന്‍ മദ്യപിക്കാൻ തീരുമാനിക്കുകയും ഓടയിൽ വീണ്‌ ഉറങ്ങുകയും ചെയ്തു.
അഞ്ചാം നാളിൽ കര്‍മനാഥന്‍ ചന്ദ്രനെ തിമിരം കൊണ്ട് മറച്ച് നക്ഷത്രങ്ങളെ ആദ്യം മുതൽ എണ്ണാൻ തുടങ്ങി.അന്നും എണ്ണി തീരുന്നതിനു മുൻപേ നക്ഷത്രങ്ങൾ അദൃശ്യമാകുകയും സൂര്യൻ ഉദിക്കുകയും ചെയ്തു.
ആറാം നാൾ കര്‍മനാഥന്‍ ദൂരമാപിനികൾ തല്ലിയുടക്കുകയും പരാജയഭീതി താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു.
എഴാം നാൾ സൂര്യൻ അസ്തമിച്ചപ്പോൾ ആകാശത്തിൽ കര്‍മനാഥന്‍ ഒരു നക്ഷത്രമായി തെളിയുകയും ഭൂമിയിൽ അവശേഷിക്കുന്ന കര്‍മനാഥന്‍മാരുടെ എണ്ണമെടുക്കാൻ തുടങ്ങുകയും ചെയ്തു.
04-08-2013
03.00.എ.എം

ഛർദ്ദി

കര്‍മനാഥന്‍ അസ്വസ്ഥനായിരുന്നു .എന്തെല്ലാമോ തികട്ടി വരുന്നതായി അവനനുഭവപ്പെട്ടു. അവന്‍ തലകുത്തി നിന്ന് തലതിരിഞ്ഞവനായി. തണുത്ത രാത്രികളില്‍ അയാൾ ഉറക്കമില്ലാതെ തലവേദനയാല്‍ പുളഞ്ഞു . ഒടുവില്‍ രാത്രിയുടെ അവസാനയാമങ്ങളിലെപ്പോളോ കാലന്‍ കോഴി കൂകിയപ്പോള്‍ അയാൾക്കത്‌ താരാട്ടായി.
പിറ്റേന്ന് രാത്രി പാതിയുറക്കത്തില്‍ നിന്നയാള്‍ ചാടി എഴുന്നേറ്റു. ശരീരമാകമാനം വിറച്ചു .വസ്ത്രങ്ങള്‍ വിയര്‍പ്പിനാല്‍ നനഞ്ഞു . അയ്യാള്‍ തന്റെ കോളാമ്പിയിലേക്ക് പലവുരുഛർദ്ദിച്ചു. അപ്പോള്‍ ഇടിയും മിന്നലും തകര്‍ത്തു. അയാൾ ഭക്ഷിച്ചു ദഹിക്കാതെ പോയ പലതും ആ ഛർദ്ദിലില്‍ തെളിഞ്ഞു കിടന്നു . ആശ്വാസത്തോടെ അയ്യാള്‍ കിടക്കയിലേക്ക് ചാഞ്ഞു.
പിറ്റേന്ന് പുറത്തേക്കിറങ്ങിയ കര്‍മനാഥന്‍ സന്തോഷവാനായി കാണപ്പെട്ടു. ആഹ്ലാദം മൂളിപ്പാട്ടായി രൂപപ്പെട്ടു അപ്പോളും അയ്യാള്‍ കോളാമ്പി തന്റെ മാറോടടക്കി പിടിച്ചിരുന്നു. നാളുകള്‍ കൊഴിഞ്ഞു വീണു .കര്‍മനാഥന്‍ തീരെ ഭയക്കാതിരുന്ന നിരൂപകന്മാരുടെ മുന്‍പില്‍ പരിശോധനയ്കായി അതെത്തിചേര്‍ന്നു.അവരതിന് 'ഐ.എസ്‌.ഐ ' മാര്‍ക്കു നല്‍കി .
ഈ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥികള്‍ അതില്‍ ഗവേഷണം നടത്തുന്നു.
പിൻകുറിപ്പ് : കര്‍മനാഥന്‍ പിന്നീട് പലവുരി ഛർദ്ദിക്കുകയുണ്ടായി. ആയതിനാല്‍ വിദ്യാര്‍ഥികള്‍ഛർദ്ദിചുവോ എന്നകാര്യം ഈ വിനീത ചരിത്രകാരനു നോക്കുവാന്‍ കഴിഞ്ഞില്ല .

'ആരാണ് കര്‍മനാഥന്‍-?'

നിരകളായി നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിലെ പൊടികൾ തുടച്ച് ഭിത്തിയിൽ  ഛയാചിത്രങ്ങളായിരിക്കുന്ന കര്‍മനാഥന്മാരുടെ ചിത്രങ്ങൾക്കു കീഴിലായ് മെഴുകുതിരികൾ കൊളുത്തി വയ്ക്കുകയായിരുന്നു ഒന്നാമൻ.

അപ്പോൾ ഒന്നാമത്തെ വാതിൽ തള്ളിതുറന്ന് ജടാധാരിയായ  ഒരാൾ രക്തമിറ്റുവീഴുന്ന ആയുധവുമായി പ്രത്യക്ഷപ്പെട്ടു.വിളക്കുകൾ തട്ടിത്തെറിപ്പിച്ചു ഒന്നാമനെ തറയിൽ തള്ളിയിട്ട് അയാൾ അട്ടഹസിച്ചു.-

'നീയാണ് കര്‍മനാഥന്‍'

തറയിൽ കിടന്നുകൊണ്ട് ഒന്നാമൻ എന്തോ പറയാൻ ശ്രെമിച്ചുവെങ്കിലും അതിനു മുൻപേ അയ്യാളുടെ ഹൃദയം ലക്ഷ്യമാക്കി ഉയർത്തി പിടിച്ചിരുന്ന ആയുധം ലക്ഷ്യം കണ്ടിരുന്നു. ആയുധത്തിലെ രക്തം ച്ചുഴറ്റിയെറിഞ്ഞുകൊണ്ട് രണ്ടാമൻ ഒന്നാം നിരയിലെ പുസ്തകങ്ങൾ അഗ്നിക്കിരയാക്കുവാൻ തുടങ്ങി.
  പെടുന്നനെ രണ്ടാമത്തെ വാതിൽ ചവുട്ടിതുറന്ന് മൂന്നാമൻ അകത്തു കയറി.അയ്യാളുടെ ഹരിതവർണ്ണമായ വസ്ത്രം നിണം വീണ് ഇരുണ്ടു തുടങ്ങിയിരുന്നു.തെല്ലറച്ചുപോയ രണ്ടാമനെ നിലത്തു വീഴ്ത്തി തന്റെ കയ്യിലെ ഗദയാൽ അവന്റെ ജനനേന്ദ്രിയം ലക്ഷ്യമാക്കി ആഞ്ഞു വീശിക്കൊണ്ട് അയ്യാൾ അലറി.
'നീയാണ് കര്‍മനാഥന്‍'

തെല്ലും വൈകാതെ മൂന്നാമൻ രണ്ടാം നിരയിലെ പുസ്തകങ്ങൾ അഗ്നിക്കിരയാക്കാൻ തുടങ്ങി.രണ്ടു നിരയിൽ നിന്നും തീ പടർന്ന് മൂന്നാം നിരയിലെ പുസ്തകങ്ങൾ മൂന്നാമന്റെ ശരീരത്തിൽ പതിക്കുകയും അയാൾ മരിക്കുകയും ചെയ്തു.
  ആവേശം പൂണ്ട തീജ്വാലകൾ ആർത്തിയോടെ ചുറ്റിലും പടർന്നുപിടിക്കാൻ തുടങ്ങിയപ്പോൾ ചുവരിലെ  ഛയാചിത്രങ്ങൾ പരസ്പരം അന്വേഷിക്കുവാൻ തുടങ്ങി.

 'ആരാണ് കര്‍മനാഥന്‍-?'

മിന്നാമിനുങ്ങ്


  ഈ ഡിസംബറിൽ തെരുവീധികള്‍ എല്ലാം ആഘോഷത്തിന്റെ,ആനന്ദത്തിന്റെ  വെള്ളിവെളിച്ചത്തിൽ കുളിച്ചു നില്ക്കവേ ആഘോഷങ്ങൾക്കിടയിൽ നിന്നും സുഹൃത്തുക്കള്‍ക്കിടയിൽനിന്നും എല്ലാമകന്ന് എന്റെ മുറിയിലെ ഏകാന്തതയിൽ ഒതുങ്ങികൂടുവാനാണ് ഞാനിഷ്ടപ്പെട്ടത്‌. മേശയിൽ കൈമുട്ടുകളൂന്നി അലമാരയിലെ പുസ്തകങ്ങളിൽ അലക്ഷ്യമായി കണ്ണോടിച്ച് എന്റെ writing  ബോർഡിലെ കടലാസുകളിൽ അലക്ഷ്യമായി ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു ഞാൻ.
അപ്പോളാണ് ക്രിസ്മസ് രാവിന്റെ ആഘോഷങ്ങളിലൊന്നും ശ്രദ്ധചെലുത്താതെ തിരക്കിട്ട് എന്റെ മുറിയുടെ ഒരു കോണിൽ കൂടൊരുക്കുന്ന ഒരു ചിലന്തിയെയും ആ ചിലന്തിവലയുടെ  ഒരു മൂലയിൽ ചിറകുകൾ കുരുങ്ങി പറക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന ഒരു മിന്നാമിനുങ്ങിനെയും ഞാൻ കണ്ടത്.
 ഞാൻ സാവധാനം ആ മിന്നാമിനുങ്ങിനെ വലയിൽ നിന്നും മോചിപ്പിച്ചു.കൈവെള്ളയിൽ വച്ച് അതിന്റെ ശരീരത്തിൽ പിണഞ്ഞൊട്ടികിടന്നിരുന്ന ചിലന്തിവലകൾ സാവധാനം അകറ്റി .തെല്ലിട ചലനമില്ലാതെ കിടന്ന ആ മിന്നാമിനുങ്ങ് അൽപ സമയത്തിനുശേഷം ചിറകുകൾ വിടർത്തി പറക്കുവാൻ ശ്രമിച്ചു.

ഞാൻ ജാലകവാതിൽ പതിയെ തുറന്നു തെല്ലകലെ ഉയർന്നുനിൽക്കുന്ന പാലമരത്തിൽനിന്നും   സുഗന്ധവുമായെത്തിയ ചെറുകാറ്റ് എന്നെയും കൈവെള്ളയിൽ വിശ്രമിച്ചിരുന്ന മിന്നാമിനുങ്ങിനെയും തഴുകി.അവൾ പതിയെ ചിറകുകൾ വിടർത്തി ആ വൃക്ഷത്തിലേക്കുപറന്നകന്നു.
 ഞാനാപാലമാരത്തിലേക്ക് വീണ്ടും നോക്കി. അതിൽ അനേകായിരം മിന്നാമിനുങ്ങുകളൊരുമിചു ചേർന്ന് ഒരു ക്രിസ്മസ് ട്രീ തീർത്തിരിക്കുന്നു. ചെറുകാറ്റിൽ അവ  പാലപൂവുകളോടു കിന്നാരം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി.
  അവിടെ,ആ വൃക്ഷത്തിന്റെ  അഗ്രത്തിൽ ഒരു കൊച്ചു താരകം പോലെ അവൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി.ഈ ഭുമിയിൽ ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നിഷ്കളങ്കമായ പുഞ്ചിരി. ഞാൻ പതിയെ,വളരെ പതിയെ അവളോടുപറഞ്ഞു
'ഹാപ്പി ക്രിസ്മസ്'   

2014, ജനുവരി 10, വെള്ളിയാഴ്‌ച

പ്രണയം

നഗ്നതയില്ലായിരുന്നുവെങ്കിൽ,
പാറക്കല്ലുകളും പാരമ്പര്യവും,
ഭാഷയും,നക്ഷത്രങ്ങളും
ആരാധനയുടെ പാറാവുകൾ
തീർത്തില്ലായിരുന്നുവെങ്കിൽ,
ഇന്നലെയും നാളെയുമില്ലാതെ
ദിനരാത്രങ്ങൾ കടന്നുപോയെങ്കിൽ,
നോവുന്ന ഹൃദയവും സംസ്കാര-
മൂഢതയുടെ മതിൽകെട്ടുകളുമില്ലാതെ-
നീ തിരിച്ചറിയുമായിരുന്നു
'എൻറെ പ്രണയം'