2014, ജൂലൈ 25, വെള്ളിയാഴ്‌ച

നിണം

ഒരിക്കൽ കര്‍മനാഥന്‍ ഒരു ചെള്ളായി മാറി ഒരു കഴുകന്റെ ശരീരത്തിൽ പറ്റിചേർന്നു. ആ കഴുകൻ ആദ്യം പറന്നെത്തിയത്‌ ഒരു രണ ഭൂമിയിലായിരുന്നു.അവിടെ വിജയിച്ചവന്റെയും പരാജയപ്പെട്ടവന്റെയും കാലാളുകൾ മൃതമായി കിടന്നിരുന്നു കഴുകൻ ആദ്യം വിജയിച്ചവന്റെയും പിന്നീട് പരാജയപ്പെട്ടവന്റെയും ശരീരങ്ങൾ ഭക്ഷിച്ചു .അന്നത്തെ രാത്രിയിൽ കര്‍മനാഥന്‍ ഉറുഞ്ചിക്കുടിച്ച രക്തത്തിന് മദ്യത്തിനേക്കാൾ വീര്യമുണ്ടായിരുന്നു.
പിറ്റേന്ന് കഴുകന്മാർ പറന്നെത്തിയത്‌ ഒരു മരുഭൂമിയിലായിരുന്നു.അവിടെ കുറുക്കന്മാർ കടിച്ചു വലിക്കുന്ന ഏതോ ഒരു ജീവിയുടെ മൃതാവശിഷ്ടങ്ങൾക്കിടയിൽ കഴുകൻ പറന്നിറങ്ങിയപ്പോൾ കര്‍മനാഥന്‍ കുറുക്കന്റെ ശരീരത്തിലേക്ക് ചേക്കേറി.അന്നത്തെ നിലാവിൽ കുറുക്കന്മാർ കൂട്ടമായ്‌ ഓരിയിട്ടപ്പോൾ ചുടുരക്തം കുടിച്ച് കര്‍മനാഥന്‍ സുഖമായുറങ്ങി.
അടുത്ത പ്രഭാതത്തിൽ കുറുക്കന്മാർ ചെന്നെത്തിയത് ഒരു പുൽ മൈതാനത്തിലായിരുന്നു.അവിടെ മേഞ്ഞു നടന്നിരുന്ന ഒരു പശുവിന്റെ ദേഹത്തിലേക്ക് കര്‍മനാഥന്‍ പറ്റിചേർന്നു.അന്നത്തെ രാത്രിയിൽ വിശന്നു കരയുന്ന കിടാവിനെ ശ്രദ്ധിക്കാതെ കര്‍മനാഥന്‍ നിണമുണ്ടുറങ്ങി.
സൂര്യനുദിച്ചപ്പോൾ പശുക്കൾക്കൊപ്പം നടക്കുന്ന ഒരു നായയെ കര്‍മനാഥന്‍ കണ്ടു.അന്നുച്ചയ്ക്ക് കര്‍മനാഥന്‍ ആ നായയുടെ ദേഹത്തുതാമസിക്കുവാൻ തുടങ്ങി. രാത്രിയിൽ യജമാനന്റെ കട്ടിലിൻകീഴെ സുഖമായുറങ്ങുന്ന കാവൽനായയുടെ ദേഹത്തെ രോമാരാജികൾക്കിടയിൽ കര്‍മനാഥനുമുറങ്ങി.
പിറ്റേന്നത്തെ സായാഹ്നത്തിൽ വളർത്തുനായയിൽ നിന്നും യജമാനനിലേക്ക് കര്‍മനാഥന്‍ ചേക്കേറി.അന്നു രാത്രിയിൽ കാലൻകോഴികൾ കൂവുന്നതിനും മുൻപേ കര്‍മനാഥന്‍ മരിച്ചു.
03-08-2013
11.15 p.m.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ