2014, ജൂലൈ 25, വെള്ളിയാഴ്‌ച

ഒരു കടലാസുതോണി പോലെ .......


കോരിച്ചൊരിയുന്ന മഴയില്‍നിന്നും രക്ഷ നേടാനാണ് ഞാനാ വിദ്യാലയത്തിലേക്ക്‌ ഓടി കയറിയത് . നീണ്ടു കിടക്കുന്ന സ്കൂള്‍ വരാന്തകള്‍ വിജനമായിരുന്നു .വീശിയടിക്കുന്ന കാറ്റിന്റെ കൂട്ട് പിടിച്ചു മഴതുള്ളികള്‍ വിജനമായ ക്ലാസ്സ്‌ മുറികളെയും എത്തിപിടിക്കുവാന്‍ ശ്രമിക്കുന്നു .
സ്കൂള്‍ മൈതാനിയില്‍ മഴവെള്ളം നിറഞ്ഞിരുന്നു .ഓടുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം ഭൂമിയില്‍ അനേകം കൈത്തോടുകള്‍ നിര്‍മിച്ചു .എന്റെ ഓര്‍മ്മകള്‍ ആ നീര്‍കുതുപ്പില്‍ ഒരായിരം കടലാസുതോണികളായി നിറയുന്നതായി എനിക്ക് തോന്നി .ഓടിലൂടെ വീഴുന്നമഴവെള്ളം ഞാന്‍ തട്ടി തെറിപ്പിച്ചു .
ഒരു വെള്ളരി പ്രാവിന്റെ ചിറകടി ശബ്ദം എന്റെ ചിന്തകളെ മുറിച്ചു .തൂണുകളില്‍ അവ കൂടോരുക്കുകയാണ് .കാറ്റില്‍ ഒരു ഇളംതൂവല്‍ എന്റെ തോളില്‍ പറന്നിരുന്നു. ഞാന്‍ ശബ്ദമുയര്‍ത്തി ആ പ്രവിനോട് ചോദിച്ചു - "നീ എന്നെ അറിയുമോ ? " പ്രാവ് മുഖമുയര്‍ത്തി . എന്നിട്ട് മറ്റൊരു ക്ലാസ്സ്‌ മുറിയിലേക്ക് പറന്നു പോയി .
ഞാന്‍ എന്റെ പഴയ എട്ടാം ക്ലാസ്സിലേക്ക് കയറി .ഇരിപ്പിടങ്ങളില്‍ വിശ്രമിച്ചിരുന്ന കൊച്ചു ജലബാഷ്പങ്ങളെ കൈ കൊണ്ട് തൂത്തുമാറ്റി . അവിടെ എന്റെ കൌമാരത്തിന്റെ ഓര്‍മ്മകള്‍തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി .
എപ്പോളോ കറുത്തബോര്‍ഡില്‍ അക്ഷരങ്ങളായി ജ്വലിച്ച ചോക്കുപൊടികള്‍ തിണ്ണയില്‍ പറന്നു കിടന്നിരുന്നു .അതില്‍ ജലബാഷ്പങ്ങള്‍ കലര്‍ന്നുയര്‍ന്ന ഗന്ധം എന്നെ മത്തുപിടിപ്പിച്ചു കുട്ടികളില്‍ ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ പേനയും കയ്യിലെടുത്തു ഞാന്‍ എന്റെ പഴയ സീറ്റില്‍ ഇരുന്നു .എന്റെ ഓര്‍മ്മകള്‍ ഒരു വെള്ളരിപ്രവിന്റെ ചിറകുകള്‍ കടമെടുത്തു പിന്നിലേയ്ക് പറക്കുകയായിരുന്നു
@@@@@@@@@@@@@@@@@@
ഘോരഘോരം പെയ്യുന്ന മഴയില്‍ പറന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പുസ്തകങ്ങള്‍ നനക്കുമെന്നതിനാല്‍ ടീച്ചര്‍ ക്ലാസ്സ്‌ അവസാനിപ്പിച്ചു .ഞങ്ങള്‍ കുട്ടികള്‍ പുസ്തകങ്ങള്‍ അടച്ചു വച്ച് സംസാരിക്കുവാന്‍ ആരംഭിച്ചു . കാറ്റില്‍ ചെമ്പകപൂവിന്റെ സുഗന്ധം പരന്നപ്പോള്‍ ഞാന്‍ ചുറ്റും നോക്കി .അതെ, അതവളുടെ മുടിയിഴകളില്‍ നിന്നുമാണ് . വിടര്‍ന്ന കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടുകളും നുണക്കുഴികളുമുള്ള എന്റെ പുതിയ കൂട്ടുകാരി .അവളെന്റെ സ്കൂളില്‍ ചേര്‍ന്നിട്ട് കുറച്ചു നാളുകളെ ആയിരുന്നുള്ളൂ.
"എന്താ ഹരീ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ ?" ടീച്ചറിന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഒരു ചെറിയ ചിരി മിന്നി .ഞാന്‍ പറഞ്ഞു,"ചെമ്പകത്തിന്റെ-" പറഞ്ഞു തീരുന്നതിനു മുന്‍പ് മണി മുഴങ്ങി . ടീച്ചര്‍ പുറത്തേയ്ക്ക് പോയി .
ഇന്റെര്‍വെല്‍ ആണ് . ഞാന്‍ പുറത്തേയ്ക്കിറങ്ങി . മഴ മാറിയിരിക്കുന്നു. നനഞ്ഞ മാവിലകളില്‍ നിന്നും മഴത്തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു . താഴെ മണ്ണിലോഴുകുന്ന വെള്ളത്തില്‍ കടലാസുതോണികളും യാത്ര ചെയ്യുന്നുണ്ടായിരുന്നു .
"ഹരീ "
ഞാന്‍ തിരിഞ്ഞു നോക്കി .എന്റെ പുതിയ കൂട്ടുകാരിയാണ്‌ .തലയില്‍ ചൂടിയ പൂവുകളില്‍ ഒന്നവളുടെ കയ്യില്‍ വിശ്രമിച്ചിരുന്നു ." ഇതാ " എന്റെ കയ്യിലേക്കാ പൂവ് സമ്മാനിച്ച്‌ അവള്‍ ക്ലാസ്സിലേക്കോടികയറി . എനിക്കത് വിശ്വസിക്കാനായില്ല ഞാനാപൂവിലേക്ക് നോക്കി. അതില്‍ അവളുടെ ഒരു മുടിയിഴ തടഞ്ഞു നിന്നിരുന്നു.
"എന്താ ക്ലാസ്സില്‍ കയറുന്നില്ലേ ?" ഒരു ഘനഗംഭീര സ്വരം കേട്ട് ഞാന്‍ തലയുയാര്‍ത്തി. ഹെഡ് മാസ്റ്റര്‍ ആണ് അദേഹത്തിന്റെ ചുവന്ന കണ്ണുകളാണ് ഞാന്‍ ആദ്യം കണ്ടത് .വിറച്ചുകൊണ്ട് വീണ്ടും നോക്കിയപ്പോള്‍ അദേഹത്തിന്റെ കയ്യില്‍ വിശ്രമിക്കുന്ന മഞ്ഞ നിറമുള്ള തടിച്ച ചൂരലും ഞാന്‍ കണ്ടു .
വരാന്ത വിജനമാണ് . ക്ലാസിനുവെളിയില്‍ ഇപ്പോള്‍ ഞാനും അദേഹവും മാത്രമേഉള്ളൂ . എന്റെ കൂട്ടുകാര്‍ ക്ലാസ്സിലിരുന്നു ഭീതിയോടെ അദേഹത്തെ നോക്കുകയാണ്. "ഇന്റെര്‍വെല്‍ കഴിഞ്ഞാല്‍ ക്ലാസ്സില്‍ കയറണമെന്നറിയില്ലേ ?" ഞാന്‍ വിറച്ചുകൊണ്ട് പറഞ്ഞു - "അറിയാം " .
"എങ്കില്‍ ചെല്ല് " ഞാന്‍ ക്ലാസിലേക്ക് നടന്നു. "നില്ക് ഇങ്ങോട്ട് വാടാ " ഞാന്‍ തിരിച്ചു നടന്നു ."എന്താ നിന്റെ കയ്യില്‍ ? " അപ്പോളാണ് എന്റെ കയ്യിലിരിക്കുന്ന ചെമ്പകപൂവിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത് .ഞാന്‍ അത് അദേഹത്തിന്റെ നേരെ നീട്ടി. "കളയൂ " ഞാന്‍ അനങ്ങിയില്ല . "കളയാന്‍......." അദ്ദേഹം വടിയുയര്‍ത്തി .
മഴവെള്ളത്തില്‍ കടലാസുതോണികള്‍ക്കൊപ്പം എന്റെ സ്വപ്നപുഷ്പവും ഒഴുകിഅകലുന്നതു തിരിഞ്ഞു നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ ക്ലാസ്സിലേക്കോടി .............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ